മടവൂര്‍ അനിലിനെതിരെ പാര്‍ട്ടി അന്വേഷണം; പ്രചാരണം വ്യാജമെന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരത്തെ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കെംടെല്‍ ചെയര്‍മാനുമായ മടവൂര്‍ അനിലിനെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു എന്ന പ്രചാരണം തള്ളി പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വാര്‍ത്ത അവാസ്തവവും അടിസ്ഥാനരഹിതവുമാണ്. വ്യാജ വാര്‍ത്തയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.

ക്വാറികളില്‍ നിന്ന് പാറ കൊണ്ടു പോകുന്ന ലോറിക്കാരില്‍ നിന്ന് കമ്മീഷന്‍ വാങ്ങുന്നുവെന്ന പരാതിയില്‍ ജില്ലാ കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചുവെന്നായിരുന്നു വിവരം. ആനത്തലവട്ടം ആനന്ദന്റെ ഭാര്യ സഹോദരിയുടെ പുത്രന്‍ രഞ്ജിത്ത് ഭാസി കിളിമാനൂര്‍ ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കിയെന്നായിരുന്നു വാര്‍ത്ത. കേരള മൈനിങ് കോര്‍പറേഷന്‍ ചെയര്‍മാനും കിളിമാനൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയുമാണ് മടവൂര്‍ അനില്‍.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ക്വാറികളില്‍ നിന്ന് പാറ കൊണ്ടുപോകുന്ന ലോറിക്കാരില്‍ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. പോര്‍ട്ട് നിര്‍മ്മാണത്തിനായി അദാനിക്കുവേണ്ടി പാറ ഖനനം നടത്തുന്ന ക്വാറിയിലെ ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാരനാണ് രഞ്ജിത്ത് ഭാസി.

Read more

തൊഴിലാളികള്‍ക്ക് കിലോമീറ്ററിന് നാല് രൂപ 50 പൈസ നിരക്കിലാണ് ലോഡ് കയറ്റി അയക്കുന്നത്. ചില വാഹനങ്ങള്‍ക്ക് 5 രൂപ 25 പൈസ ഈടാക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ഈടാക്കുന്നത് പാര്‍ട്ടിക്കുള്ള കമ്മീഷനായി എടുക്കുന്നുവെന്നാണ് പരാതി. ആരോപണങ്ങള്‍ മടവൂര്‍ അനില്‍ നിഷേധിച്ചിരുന്നു.