പാനൂർ ബോംബ് സ്ഫോടനം: 'തെളിവ് നശിപ്പിക്കാൻ സാധ്യത'; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് റിമാന്‍ഡ് റിപ്പോർട്ട്

പാനൂരിലെ ബോംബ് സ്ഫോടനത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് റിമാന്‍ഡ് റിപ്പോർട്ട്. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാനിടയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതികൾക്ക് ജാമ്യം നൽകിയാൽ സംഘർഷ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു.

മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായ പ്രദേശത്ത് വീണ്ടും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. അതേസമയം ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ബോംബ് നിര്‍മിച്ചതെന്നും, ഇരു ക്രിമിനൽ സംഘങ്ങളിലും സിപിഎം, ആർഎസ്എസ് അനുഭാവികളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബ് നിര്‍മിക്കാൻ രാഷ്ട്രീയ പിന്തുണ ഇവർക്ക് കിട്ടിയോ എന്നറിയാൻ കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.