തങ്ങൾക്ക് ഇ.ഡി നോട്ടീസ് നൽകിയത് കുഞ്ഞാലിക്കുട്ടി കാരണം; ഹൈദരലി ശിഹാബ്​ തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് മകൻ മുയിൻ അലി

ചന്ദ്രിക ദിനപത്രത്തിലെ പണമിടപാടിന്റെ പേരിൽ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മുസ്ലിം ലീഗിൽ കടുത്ത പ്രതിസന്ധി.

കു​ഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനുമാണ്​ ചന്ദ്രികയിലെ പണമിടപാടിന്റെ പൂർണ ഉത്തരവാദിത്വമെന്ന്​​​ യൂത്ത്​ലീഗ്​ ദേശീയ വൈസ്​പ്രസിഡൻറും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനുമായ മുയിൻ അലി ശിഹാബ്​ തങ്ങൾ തുറന്നടിച്ചു.

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമെന്നും മൊയീൻ അലി ആരോപണങ്ങൾ വിശദീകരിക്കാൻ ലീഗ്​ ഹൗസിൽ വിളിച്ച്​ ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മൊയീൻ അലി കുറ്റപ്പെടുത്തി. തങ്ങൾക്ക് ഇഡി നോട്ടിസ് നൽകാൻ കാരണക്കാരൻ കുഞ്ഞാലിക്കുട്ടിയെന്ന് മുയിൻ അലി തങ്ങൾ പറഞ്ഞു.

ഹൈദരലി തങ്ങളെ പ്രശ്​ന​ത്തിലേക്ക്​ വലിച്ചിഴച്ചതിൻറെ ഉത്തരവാദിത്വം ച​ന്ദ്രിക ഫിനാൻസ്​ ഡയറക്​ടർ ഷെമീറിനാണ്​. ഷെമീറിനെ സസ്​പെൻഡ്​ ചെയ്​ത്​ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ മുയിൻ അലി തങ്ങളുടെ വാർത്താസമ്മേളനം ലീഗ് പ്രവർത്തകൻ തടസപ്പെടുത്തി. അതേസമയം ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് മുസ്ലിം ലീഗ് വിശദീകരിച്ചു.

Read more

ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീൻ അലി വിശദീകരിച്ചു. ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ പത്രത്തിൻറെ ചെയർമാനും എംഡിയുമായ തങ്ങൾക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു.