പാലാരിവട്ടം പാലം നവീകരണം ഊരാളുങ്കലിന്; മേല്‍നോട്ട ചുമതല ഇ ശ്രീധരന്

പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്. 18.77 കോടി രൂപയാണു കരാര്‍ തുക. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍ന്ന ശേഷമായിരിക്കും പാലം നവീകരിക്കുക. ഡി.എം.ആര്‍.സി 22 ദിവസം കൊണ്ടു കരാര്‍ നടപടി പൂര്‍ത്തിയാക്കി.

ഇ. ശ്രീധരന് മേല്‍നോട്ട ചുമതലയും നല്‍കി. ഊരാളുങ്കലിനെ നേരിട്ട് ഏല്‍പ്പിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ പരാതി ഉയര്‍ന്നതോടെ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കുകയാണുണ്ടായത്. ഡി.എം.ആര്‍.സി നേരിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നായിരുന്നു ധാരണ. എന്നാല്‍ 22 ദിവസം കൊണ്ട് കരാര്‍ നടപടികള്‍ തീര്‍ത്ത് ഊരാളുങ്കലിനെ ഏല്‍പ്പിച്ചതായാണ് ഇപ്പോഴത്തെ വിശദീകരണം.

എന്നാല്‍ പത്രപരസ്യം അടക്കമുള്ള നിബന്ധനകള്‍ പാലിച്ചിട്ടില്ല. ബന്ധപ്പെട്ട കമ്പനികള്‍ക്ക് ഒന്നും വിവരം ലഭിച്ചിട്ടുമില്ല. പാലം പൊളിക്കുന്നത് തല്‍ക്കാലം തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ലോഡ് ടെസ്റ്റ് നടത്തി പാലം തുറന്ന് കൊടുക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാരിന്റെ ധൃതിയിലുള്ള നീക്കം. ഊരാളുങ്കല്ലമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളുടെ പേരില്‍ നിയമസഭ കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷുബ്ധമായിരുന്നു.