പത്മജ ബിജെപിയിലെത്തുന്നത് ഉപാധികളില്ലാതെ; പരിഹസിച്ചവര്‍ മുന്‍പ് തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്നത് ഇഡിയെ പേടിച്ചാണെന്ന് പറഞ്ഞ പലരും മുന്‍പ് ബിജെപിയില്‍ ചേരുന്നതിന് ചര്‍ച്ച നടത്തിയിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചെന്നും തകര്‍ന്ന് തരിപ്പണമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇഡിയെ ഭയന്നാണ് പത്മജ ബിജെപിയിലേക്ക് പോകുന്നതെന്നും ഭര്‍ത്താവ് വേണുഗോപാലിനെ ഇഡി ചോദ്യം ചെയ്തിരുന്നതായും കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. ചിലര്‍ പത്മജ കോണ്‍ഗ്രസിനെ വഞ്ചിച്ച് ബിജെപിയില്‍ പോയെന്ന് പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ വഞ്ചിച്ച് സിപിഎമ്മില്‍ പോയവര്‍ക്ക് എങ്ങനെ ഇത് സാധിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജണ്ടയില്‍ ആകൃഷ്ടരായി എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ളവരും ബിജെപിയില്‍ ചേരുന്നുണ്ട്. ഉപാധികളില്ലാതെയാണ് പത്മജ ബിജെപിയില്‍ ചേരുന്നതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന സുരേന്ദ്രന്റെ ആരോപണം ബിന്ദു കൃഷ്ണ തള്ളി.