നിപ ജാഗ്രത; ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം, മത്സ്യബന്ധന ബോട്ടുകള്‍ അടുപ്പിക്കരുത്‌

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍ ലേലം നടത്തുകയും വേണമെന്നാണ് നിര്‍ദേശം.

കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. ബേപ്പൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകൾ അടക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 43, 44, 45,46,47,48, 51 വാര്‍ഡുകളാണ് അടയ്ക്കുന്നത്. ഈ വാര്‍ഡുകളിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കാനാണ് തീരുമാനം. ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലുള്ള മേഖലകളാണ് അടച്ചത്.

ടിപി ഹോസ്പിറ്റല്‍, ക്രസന്റ് ഹോസ്പിറ്റല്‍, സിമന്റ് ഗോഡൗണ്‍, ബോട്ട് ജെട്ടി എന്നിവിടങ്ങളില്‍ നിപ സ്ഥിരീകരിച്ച രോഗി എത്തിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് നിയന്ത്രണം. ഫറൂഖ് മുനിസിപ്പാലിറ്റി പൂര്‍ണമായും അടച്ചു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജീപ്പില്‍ സഞ്ചരിച്ച് അനൗണ്‍സ്മെന്റും നടത്തുന്നുണ്ട്.

തിങ്കളാഴ്ച മുതല്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഠനം മുടങ്ങാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈനായി ക്രമീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. അംഗണവാടി, മദ്രസ, ട്യൂഷന്‍ സെന്റര്‍, കോച്ചിംഗ് സെന്റര്‍ എന്നിവയ്ക്കും അവധി ബാധകമാണ്.