സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; സഭ ഇന്നും പ്രക്ഷുബ്ധമാകും

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം. ഇതിനായി സണ്ണി ജോസഫ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കും. അതേസമയം മീഡിയ സെന്‍സറിങ് വിഷയവും ചര്‍ച്ചയായേക്കും.

ബഫര്‍ സോണുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കല്‍ ഇന്ന് സഭയില്‍ വരും. മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമര്‍ത്തിയ രീതിയും രൂക്ഷമായി വിമര്‍ശിക്കപ്പെടും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ വിഷയം ഇന്നും ചര്‍ച്ചയാകും. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥ്യനയും ഇന്നുണ്ടാകും.

അതേസമയം പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്നാണ് പരാതി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയത് സഭാ ചട്ടത്തിന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സഭ സമ്മേളനത്തെ ആദ്യ ദിവസമായ ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും പിന്നീട് സഭാ നടപടികള്‍ റദ്ദാക്കി പിരിയുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ കറുത്ത വസ്ത്രമണിഞ്ഞാണ് ഇന്നലെ സഭയിലെത്തിയത്.