'അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറഞ്ഞിട്ട് കാര്യമില്ല'; ആറ്റിങ്ങല്‍ വിഷയത്തിൽ കൃത്യമായ മറുപടി നൽകാത്തതിന് എതിരെ പ്രതിപക്ഷം

ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളി സ്ത്രീയുടെ മീന്‍ തട്ടിയെറിഞ്ഞ സംഭവത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിഷേധം.  കേരളത്തിന് അപമാനകരമായ  സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

മത്സ്യം തട്ടിത്തെറിപ്പിക്കപ്പെട്ട സ്ത്രീ ചുട്ടുപൊള്ളുന്ന റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയുണ്ടായി. കോവിഡ് നിയന്ത്രണം കൈയൂക്ക് കാണിച്ച് നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ് എന്തെങ്കിലും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടോ എം വിന്‍സെന്റ് എംഎല്‍എ ചോദ്യോത്തര വേളയില്‍ വീണാ ജോര്‍ജിനോട് ചോദിച്ചു.

എന്നാല്‍ മറുപടിയില്‍ ആറ്റിങ്ങല്‍ വിഷയം വീണാ ജോര്‍ജ് പരാമര്‍ശിച്ചില്ല. കോവിഡ് വ്യാപനനിരക്കും മരണനിരക്കുമായിരുന്നു മന്ത്രിയുടെ മറുപടിയില്‍. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ജീവന്‍ രക്ഷിക്കലും ജീവനോപാധി സംരക്ഷിക്കലുമാണ് പ്രധാനം. ആ രീതിയിലുള്ള ഇടപെടലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

ആറ്റിങ്ങല്‍ വിഷയം ശക്തമായി ഉന്നയിച്ചിട്ടും ഒരു വരി പോലും മന്ത്രിയുടെ മറുപടിയില്‍ ഇല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടപെടുകയും ചെയ്തു. ‘ മന്ത്രിയാണ് നിയന്ത്രണങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്. അതുകൊണ്ടാണ് ആ മന്ത്രിയോട് ഇന്നലെയുണ്ടായ വളരെ ദൗര്‍ഭാഗ്യകരമായ, കേരളത്തിന് അപമാനകരമായ സംഭവത്തിന്റെ കാരണം ചോദിച്ചത്. അതിന് മന്ത്രി മറുപടി നല്‍കേണ്ടേ’ വിഡി സതീശന്‍ സ്പീക്കറോട് ചോദിച്ചു.

Read more

എന്നാല്‍ ചോദ്യത്തിന് ഇതായിരിക്കണം മറുപടി എന്ന് നിഷ്‌കര്‍ഷിക്കാന്‍ പറ്റില്ലെന്നാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. സ്പീക്കറുടെ വാദത്തിന് മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കി. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറഞ്ഞ് ചോദ്യോത്തര വേള മുന്നോട്ട് കൊണ്ടുപോയിട്ട് കാര്യമില്ല സര്‍ എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.