കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും ധര്‍മ്മേന്ദ്ര പ്രധാനെ അറിയിച്ചതായി വി ശിവന്‍കുട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ നിന്നും മുഗള്‍ ചരിത്രഭാഗങ്ങള്‍ നീക്കിയതില്‍ എതിര്‍പ്പ് അറിയിച്ചതായും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതില്‍ കുറച്ചുകാലമായി വലിയ പ്രതിസന്ധിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തിന് നല്‍കാന്‍ കുടിശ്ശികയുള്ള കേന്ദ്ര പദ്ധതി വിഹിതം നിവേദനത്തില്‍ വ്യക്തമായി ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം തന്നെ കേന്ദ്ര വിഹിതം വൈകിയാല്‍ അത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ എത്തരത്തില്‍ ബാധിക്കുമെന്നും കേന്ദ്ര മന്ത്രിയെ അറിയിച്ചുവെന്നും വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷത എന്ന വിശാലമായ ലക്ഷ്യവും രാജ്യത്തിന്റെ ശക്തിയായ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരുടെ ശമ്പളത്തിലും സൗജന്യ യൂണിഫോം-പാഠപുസ്തക വിതരണത്തിലും കേന്ദ്ര സഹായം തികയുന്നില്ലെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. 1500 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഒപ്പുവച്ചാല്‍ മാത്രമേ ഈ പണം ലഭിക്കുകയുള്ളൂ. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കേരളം നടപടി സ്വീകരിക്കും.
Read more
സംസ്ഥാനം 7000 അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനുണ്ട്. സൗജന്യ യൂണിഫോം, പാഠപുസ്തകം എന്നിവ നല്‍കാന്‍ പണം തികയുന്നില്ല. പിഎം ശ്രീയില്‍ ഒപ്പിടാത്തതിനാലാണ് കേരളത്തിനുള്ള വിഹിതം കേന്ദ്രം തടഞ്ഞു വെച്ചിരിക്കുന്നതെന്നും. ഇത് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു.







