രണ്ട് പ്രാവശ്യം ചർച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റ്; അങ്ങിനെയായിരുന്നു എങ്കിൽ തർക്കം ഉണ്ടാകില്ലായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി

ഡിസിസി പുന:സംഘടനപട്ടികയുമായി ബന്ധപ്പെട്ടുള്ള കെ സുധാകരന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രണ്ട് പ്രാവശ്യം ചർച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ഒരേ ഒരു തവണയാണ് ചർച്ച നടത്തിയത്. അന്ന് വി ഡി സതീശനും ഒപ്പമുണ്ടായിരുന്നു ‌രണ്ട് പ്രാവശ്യം  ചർച്ച നടന്നിരുന്നെങ്കിൽ തർക്കമുണ്ടാകില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ആദ്യം ചർച്ച ചെയ്തപ്പോൾ നൽകിയ ലിസ്റ്റാണ് സുധാകരൻ കാണിച്ചത്. അതിൽ വിശദ ചർച്ച നടന്നിട്ടില്ലെന്നും ഉമ്മൻചാണ്ടി പറയുന്നു. എന്നാൽ പരസ്യ പ്രതികരണത്തിന് ഉമ്മൻചാണ്ടി തയാറായില്ല. കെ സുധാകരനുമായ സംസാസിച്ചശേഷം പരസ്യ പ്രതികരണമെന്നാണ് നിലപാട്.

അതേസമയം ഡിസിസി അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച രംഗത്ത് എത്തിയ മുതിര്‍ന്ന നേതാക്കള്‍ കടുത്ത നിലപാടിലേക്ക് തിരിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തങ്ങളെ വിശ്വാസത്തില്‍ എടുക്കാത്തവരുമായി സഹകരിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. പട്ടികയ്‌ക്കെതിരെ കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ രംഗത്ത് എത്തുമെന്നാണ് വിവരം. അതിനിനെടെ, പുനഃസംഘടനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഉയര്‍ന്ന തര്‍ക്കങ്ങളില്‍ ഹൈക്കമാന്റ് ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം.

പുതിയ പട്ടികയില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് പ്രബലരായ എ,ഐ ഗ്രൂപ്പുകളുടെ നിലപാട്. എന്നാല്‍ ഗ്രൂപ്പുകള്‍ക്ക് വഴങ്ങേണ്ടെന്ന നിലപാടാണ് കെ സുധാകരനും, വിഡി സതീശനും ഉള്ളത്.