'ചട്ടങ്ങൾ തയ്യാറാക്കുക മാത്രമാണ് ചെയ്തത്, ഒരു തുടർ നടപടിയും ചെയ്തിട്ടില്ല'; ലേബർ കോഡിൽ കരട് വിജ്ഞാപനം ഇറക്കിയെന്ന് സമ്മതിച്ച് വി ശിവൻകുട്ടി

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലേബര്‍ കോഡിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും കരട് വിജ്ഞാപനം ഇറക്കിയെന്ന് സമ്മതിച്ച് മന്ത്രി വി ശിവൻകുട്ടി. കോഡ് അനുസരിച്ചുള്ള കരട് ചട്ടങ്ങൾ സംസ്ഥാന തൊഴിൽ വകുപ്പ് തയാറാക്കിയെന്നും ചട്ടങ്ങൾ തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നും നടപ്പാക്കാനുള്ള ഒരു തുടർ നടപടിയും ചെയ്തിട്ടില്ലെന്നും മന്ത്രി പറയുന്നു. അതേസമയം ലേബർ കോഡിനെ ഇടതുപക്ഷം തള്ളിപ്പറയുമ്പോഴാണ് സംസ്ഥാനസർക്കാരിന്റെ ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര സർക്കാരിന്റെ ലേബർകോഡിൽ സംസ്ഥാനം നിലപാട് അറിയിച്ചതാണെന്നും മന്ത്രി പറയുന്നു. മാധ്യമപ്രവർത്തകരെ പോലും ബാധിക്കുന്ന രീതിയിലാണ് നിയമം. കേന്ദ്ര ലേബർ സെക്രട്ടറി വിളിച്ചയോഗത്തിൽ നിയമം അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നു. സംസ്ഥാന തൊഴിൽ സെക്രട്ടറിയും പങ്കെടുത്തിരുന്നു. ഈ നിർദ്ദേശപ്രകാരം ഒരു കരട് പ്രസിദ്ധീകരിച്ചുവെന്നും 19 ന് തൊഴിൽ കോൺക്ലേവ് വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രതൊഴിൽ കോഡ് അംഗീകരിക്കുന്നില്ല. സംസ്ഥാനത്തിൻ്റെ നിലപാട് കേന്ദ്രത്തെ ശക്തമായി അറിയിച്ചിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. നാളെ ട്രേഡ്യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്‌കൂളുകൾ സ്ഥാപിക്കാനുള്ള സുപ്രീം കോടതിവിധിയിൽ റിവ്യൂ നൽകുന്ന കാര്യം പരിശോധിക്കും പരിശോധിക്കുമെന്നും അഭിഭാഷകൻ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചില്ലേയെന്ന് സംശയമെന്നും മന്ത്രി പ്രതികരിച്ചു.

Read more