നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന തീരുമാനത്തില്‍ നിന്ന് മാറി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും തന്നെ സ്‌നേഹിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ ആര്‍. ശ്രീലേഖ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ല എന്നായിരുന്നു മുൻപ് ശ്രീലേഖ സ്വീകരിച്ച നിലപാട്. എന്നാല്‍ ഇപ്പോള്‍ മത്സരിക്കാനുള്ള സന്നദ്ധത വീഡിയോയിലൂടെ അറിയിച്ചിരിക്കുകയാണ് ശ്രീലേഖ.
കേരളം ഇനി ബിജെപി ഭരിക്കണം, എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പൂര്‍ണമായും നീതി ലഭിക്കൂ എന്നും ശ്രീലേഖ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കൂടാതെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ കേസെടുത്ത സംഭവത്തില്‍ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചു. പത്ത് വര്‍ഷം മുന്‍പുള്ള വ്‌ളോഗിന്റെയും 2020ല്‍ പങ്കുവച്ച വീഡിയോയുടെയും പേരില്‍ ഇപ്പോള്‍ കേസ് കൊടുത്തതിന് പിന്നിലെ ലക്ഷ്യം വ്യക്തിഹത്യയാണെന്ന് ശ്രീലേഖ പറഞ്ഞു.
മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ കേസെടുക്കണം എന്നാണ് നിയമം. കാലപ്പഴക്കം ചെന്ന കേസില്‍ തന്നോട് പോലും ചോദിക്കാതെ എഫ്.ഐ.ആര്‍ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.







