കള്ളവോട്ട് വാര്‍ത്തയിലൂടെ അപകീര്‍ത്തി ഉണ്ടായെന്ന് സെലീനയും സുമയ്യയും; മാതൃഭൂമിക്കും കെ. സുധാകരനും വാര്‍ത്ത അവതരിപ്പിച്ച സ്മൃതി പരുത്തിക്കാടിനുമെതിരെ വക്കീല്‍ നോട്ടീസ്; ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി നഷ്ടപരിഹാരം

കണ്ണൂരില്‍ കള്ളവോട്ട് ചെയ്‌തെന്ന വാര്‍ത്ത പ്രചരിപ്പിച്ച് പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നിയമനടപടിയുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്. മാതൃഭൂമിക്കും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനുമെതിരെ കള്ളവോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയവരാണ് രംഗത്ത് വന്നിരിക്കുന്നത്. ചെറുതാഴം പഞ്ചായത്ത് അംഗം എന്‍.പി സലീനയും മുന്‍ പഞ്ചായത്ത് അംഗം കെ.പി സുമയ്യയുമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

മാതൃഭൂമി ന്യൂസ് സി.ഇ.ഒ മോഹനന്‍ നായര്‍, ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍, കണ്ണൂര്‍ ചീഫ് റിപ്പോര്‍ട്ടര്‍ സി.കെ. വിജയന്‍, വാര്‍ത്ത അവതാരക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി.വി ഗംഗാധരന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ രാജീവ്, മാതൃഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പത്രസമ്മേളനം നടത്തിയ കെ. കെ സുധാകരൻ എന്നിവർക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വാര്‍ത്ത തിരുത്തി നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഇരുവരും അഡ്വ: വിജയകുമാര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

എന്നാല്‍, കണ്ണൂരിലെ കല്യാശേരിയില്‍ ഇവര്‍ ചെയ്തത് കള്ളവോട്ട് തന്നെയാണെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത് എത്തിയിരുന്നു. പിലാത്തറ യു പി സ്‌കൂളിലെ 19 -ാം ബൂത്തില്‍ കള്ളവോട്ട് നടന്നു. 1091 വോട്ടുകളാണ് ഉള്ളത്. വോട്ട് ചെയ്തത് 969 പേരാണ്. 19 -ാം ബൂത്തിലാണ് സെലീന കള്ള വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്തില്‍ സെലീനയ്ക്ക് വോട്ടുണ്ടായിരുന്നില്ലെന്നും ടീക്കാറാം മീണ വ്യക്തമാക്കി. 1857 ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടായിരുന്നു. കള്ളവോട്ട് കണ്ടുപിടിക്കാന്‍ സാധിച്ചത് അതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞതോടെ കണ്ണൂരിലെയും കാസര്‍ഗോട്ടെയും കലക്ടര്‍മാരോടും വിശദമായ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ കളക്ടര്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും അതിലൂടെ ചില കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.

പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യധാര്‍ത്ഥ ബൂത്തില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. രേഖകളെല്ലാം സ്ട്രോങ്ങ് റൂമിലാണെന്നും അത് പരിശോധിച്ചാല്‍ മാത്രമെ അവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രീയാകട്ടെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്യാനെത്തി.

കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. എം.പി സെലീന പഞ്ചായത്ത് അംഗത്വം രാജി വെച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു.