'പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്'; മന്ത്രിസഭ പുനഃസംഘടന നീക്കത്തെ പരിഹസിച്ച് മുസ്ലിം ലീഗ്

സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് എന്നായിരുന്നു സലാമിന്റെ പരിഹാസം. ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് മാറ്റം വരാതെ കാര്യമില്ലെന്നും സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ന്നതിനാലാണ് മന്ത്രിസഭ മുഖം മിനുക്കല്‍ നടപടികളെന്നും അദ്ദേഹം പറഞ്ഞു.

നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി അമിത് ഷാക്കുള്ള ക്ഷണം ലാവ്ലിന്‍ കേസ് ആട്ടിമറിക്കാനാണ് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ ആകില്ല. കേസ് പരിഗണിക്കുന്നതിനു മുമ്പുള്ള ക്ഷണം ജനങ്ങളില്‍ സംശയം ഉണ്ടാക്കുന്നു.ആ സംശയം ദുരീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും സലാം പറഞ്ഞു.

കോടിയേരിക്ക് പകരം ആര്? പരിഗണനയില്‍ പ്രധാനമായും രണ്ട് പേര്‍, മന്ത്രിസഭയിലും സമഗ്ര അഴിച്ചുപണി

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതോടെ പകരം ആര് എന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും. കോടിയേരിക്ക് പകരം എം.വി ഗോവിന്ദനെയോ, വി.എസ് വിജയരാഘവനെയോ സംസ്ഥാന സെക്രട്ടറിയാക്കാനാണ് പിണറായി ആഗ്രഹിക്കുന്നത്. ഇതില്‍ തന്നെ എം.വി ഗോവിന്ദനാണ് കോടിയേരിക്ക് പകരക്കാരനായി സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്.

ഗോവിന്ദന് സെക്രട്ടറിയുടെ ചുമതലയിലേക്കേണ്ടിവന്നാല്‍ മന്ത്രിയായതിനാല്‍ ആസ്ഥാനമൊഴിയേണ്ടി വരും. അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും. പാര്‍ട്ടിസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ.കെ. ബാലനും ഇടതുമുന്നണി കണ്‍വീനറായ ഇ.പി. ജയരാജനുമാണ് ഗോവിന്ദന്‍ കഴിഞ്ഞാല്‍ സാധ്യാത പട്ടികയിലുള്ളത്.

മന്ത്രി സഭയില്‍ സമഗ്രമായ അഴിച്ചുപണിക്ക് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതായി സൂചന. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി സഭയില്‍ വിപുലമായ അഴിച്ചു പണി മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. കൂടുതല്‍ പ്രവര്‍ത്തന മികവ് പ്രതീക്ഷിക്കുന്നവരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നറിയുന്നു.

മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വീണ്ടും മന്ത്രി സഭയിലേക്ക് കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ സജീവമാണ്. എം.ബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നു മാറ്റി മന്ത്രിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ സ്പീക്കര്‍ ആക്കിയേക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ മാറ്റി പകരം എം.ബി രാജേഷിനെ ആ സ്ഥാനത്തേക്ക് നിയോഗിക്കാനും നീക്കമുണ്ട്. ശിവന്‍ കുട്ടിയെ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാനും നീക്കമുണ്ട്.

സജി ചെറിയാന് പകരം ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് മറ്റൊരു മന്ത്രിയെ കണ്ടെത്താനുള്ള നീക്കവും നടക്കുന്നുണ്ട്. വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആ വിഭാഗത്തെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമവും മന്ത്രി സഭാ പുനസംഘടനയിലൂടെ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, രണ്ട് ദിവസത്തെ സിപിഎം നേതൃയോഗം തുടങ്ങി. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. ഈ അടിയന്തര യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടേക്കും.