'പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ പേഴ്സണൽ സ്റ്റാഫില്‍'; ഉപകാരസ്മരണയെന്ന് ഷോൺ ജോർജ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ പിണറായി വിജയന് ക്ലീന്‍ചിറ്റ് നല്‍കിയ ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് ഷോണ്‍ ജോര്‍ജ്. ആര്‍ മോഹന്‍ വിരമിച്ച ശേഷം വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രമുഖ സ്ഥാനത്തുള്ളത് ദുരൂഹമാണെന്ന് ഷോണ്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്നും ഷോണ്‍ ആരോപിച്ചു.

ഒരു ഉദ്യോഗസ്ഥസ്ഥന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷേ അതേ ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ട്. അത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് സംശയിക്കുന്നു. 2016 മുതല്‍ ഇയാള്‍ സ്റ്റാഫിലുണ്ട്. ആര്‍ മോഹനന്റെ മുന്‍കാല ഇടപാടുകള്‍ പരിശോധിക്കണം. വിവിധ കേസുകളില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ സംബന്ധിച്ചും അന്വേഷണം വേണം.

‘2008-ല്‍ കേസ് അന്വേഷിച്ച ആദായനികുതി വകുപ്പ് അഡിഷണല്‍ ഡയറക്ടറായിരുന്ന ആര്‍ മോഹന്‍ 2016 മുതല്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സ്‌പെഷ്യല്‍ ഓഫീസറായി ഉണ്ട്. പി ശശി കഴിഞ്ഞാല്‍ അടുത്തയാളാണ് മോഹന്‍ എന്നാണ് രേഖകള്‍ പറയുന്നത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ആണെന്ന് സംശയിച്ചാല്‍ ആര്‍ക്കും തെറ്റ് പറയാനാവില്ല,’ – ഷോണ്‍ പറഞ്ഞു.

‘കമല ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനം സിംഗപ്പൂരില്‍ ഇല്ലെന്ന് അസിസ്റ്റന്റ്‌സ് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത് മോഹനാണ്. ലാവലിന്‍ ഉള്‍പ്പെടെയുള്ള ഇദ്ദേഹത്തിന്റെ മുന്‍കാല അന്വേഷണങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഉടന്‍ കത്ത് നല്‍കുമെന്നും ഷോണ്‍ പറഞ്ഞു.

ക്രൈം നന്ദകുമാര്‍ നല്‍കിയ കേസിലാണ് ആര്‍ മോഹനന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. ക്രൈം നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചാൽ ഈ കേസിൽ പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ലാവ്‌ലിന്‍ കേസില്‍ എങ്ങനെ കുറ്റവിമുക്തനായി എന്നാണ്‌ ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.