മാധ്യമപ്രവര്‍ത്തകനല്ല പക്ഷേ ഉന്നതരുടെ തണലില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്; ലൈംഗികാതിക്രമം രാധാകൃഷ്ണന്റെ പതിവ് ശീലം

ലൈംഗികാതിക്രമ കേസില്‍ കുറ്റാരോപിതനായ എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് പുറത്താക്കണമെന്ന് നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്ത് രാധാകൃഷ്ണന്‍ തുടരുന്നത് മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ പ്രസ്താവനയിലൂടെ അറിയിച്ചു.

രണ്ടാം തവണയാണ് രാധാകൃഷ്ണന്‍ ലൈംഗികാതിക്രമ കേസില്‍ പ്രതിയാകുന്നത്. അഞ്ച് വര്‍ഷം മുന്‍പ് സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അര്‍ദ്ധരാത്രി അതിക്രമിച്ച് കയറി സദാചാര ആക്രമണം നടത്തിയ കേസിലും ഇയാള്‍ ഒന്നാം പ്രതിയാണ്. ഇത് രണ്ടാം തവണയാണ് രാധാകൃഷ്ണന്‍ ഗുരുതര കുറ്റകൃത്യത്തിലേര്‍പ്പെടുന്നത്.

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ആക്രമണം നടത്തിയ പ്രതി എങ്ങനെയാണ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്തെത്തിയതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപമുയരുന്നുണ്ട്. 2019ല്‍ നടന്ന സംഭവത്തില്‍ ഇരയായ മാധ്യമ പ്രവര്‍ത്തകയുടെ നിരന്തര പ്രതിഷേധവും സമരവും കണക്കിലെടുത്ത് പ്രസ് ക്ലബ്ബില്‍ നിന്ന് ഇയാളെ കുറച്ച് കാലത്തേക്ക് പുറത്താക്കിയിരുന്നു.

എന്നാല്‍ തിരുവനന്തപുരത്തെ ചില മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് ലൈംഗികാതിക്രമ കേസ് പ്രതി വീണ്ടും പ്രസ് ക്ലബ്ബിന്റെ തലപ്പത്തെത്തിയത്. തിരുവനന്തപുരത്തെ പ്രമുഖ ദിനപത്രത്തില്‍ പ്രൂഫ് റീഡറായിരുന്ന രാധാകൃഷ്ണന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് കാരണം ഉന്നതരായ ചില മാധ്യമപ്രവര്‍ത്തകുടെ സ്വാധീനത്തിന്റെ ഫലമാണെന്ന് ആരോപണമുണ്ട്.

അതേസമയം സഹപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ മാധ്യമ സ്ഥാപനം ഇയാളെ പുറത്താക്കിയിരുന്നു. രാധാകൃഷ്ണന്‍ തിരുവനന്തപുരം നഗരത്തിലെ നടുറോഡില്‍ വച്ച് സ്ത്രീയെ തടഞ്ഞു നിറുത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്നാണ് പരാതി.

യുവതി പ്രതികരിച്ചതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കന്റോണ്‍മെന്റ് പൊലീസ് പ്രതിയ്‌ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഐപിസി സെക്ഷന്‍ 354 എ ചുമത്തി പ്രതി ചേര്‍ത്താണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2019ലെ സംഭവത്തെ തുടര്‍ന്ന് വലിയൊരു വിഭാഗം വനിത മാധ്യമപ്രവര്‍ത്തര്‍ അന്ന് പ്രസ് ക്ലബ്ബ് വിട്ടിരുന്നു.

Read more

മാധ്യമ പ്രവര്‍ത്തന രംഗത്ത് യാതൊരു പ്രവൃത്തി പരിചയവുമില്ലാത്ത രാധാകൃഷ്ണന്‍ വീണ്ടും പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്തെത്തിയതോടെ ഗുരുതര കുറ്റകൃത്യങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പരാതി ഉയര്‍ന്നത്.