സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ശമ്പളമില്ല ; ദേശീയ മെഡലുകള്‍ വില്‍ക്കാനൊരുങ്ങി ഒളിമ്പ്യന്‍ സജന്‍ പ്രകാശ്

പരിശീലനത്തിന് പണമില്ലാത്തതിനാല്‍ തന്റെ മെഡലുകള്‍ വില്‍ക്കാനൊരുങ്ങി മലയാളി നീന്തല്‍ താരം ഒളിമ്പ്യന്‍ സജന്‍ പ്രകാശ്. വിദഗ്ധ പരിശീലനത്തിനായി ലക്ഷങ്ങള്‍ വേണമെന്നിരിക്കെ ദേശീയ ഗെയിംസില്‍ നിന്ന് ലഭിച്ച ആറ് മെഡലുകളാണ് സജന്‍ വില്‍ക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ശമ്പളം ലഭിക്കാത്തതും പണത്തിനായുള്ള ബുദ്ധിമുട്ട് വര്‍ധിപ്പിക്കുകയാണെന്നും സജന്‍ പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും വരാനിരിക്കുന്ന സാഹചര്യത്തില്‍ മെഡലുകള്‍ ഉന്നമിട്ട് മികച്ച തയ്യാറെടുപ്പിനൊരുങ്ങുകയാണ് സജന്‍. തായ്‌ലന്‍ഡിലും സ്‌പെയ്‌നിലും ദുബായിലുമായി വിദഗ്ധ പരിശീലനമാണ് ലക്ഷ്യമെങ്കിലും അതെല്ലാം വെളളത്തിലാവുമോ എന്ന ആശങ്കയിലാണ് അദ്ദേഹം. ലക്ഷങ്ങള്‍ ചിലവ് വരുന്ന പരിശീലനം മുടങ്ങാതിരിക്കാന്‍ മകന്‍ കഷ്ടപ്പെട്ട് നേടിയ മെഡലുകള്‍ വില്‍ക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് മുന്‍ അത്‌ലറ്റുകൂടിയായ അമ്മ ഷാന്റിമോള്‍ പറയുന്നു. ജനുവരിയില്‍ കേരള പൊലീസില്‍ നിയമനം കിട്ടിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല.

Read more

ദേശീയ ഗെയിംസില്‍ മികച്ച പുരുഷതാരമായി സജന്‍ പ്രകാശ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഉള്‍പ്പെടെ എട്ടു മെഡലുകളാണു സജന്‍ നീന്തല്‍ക്കുളത്തില്‍നിന്നു വാരിയെടുത്തത്. വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ മുന്നില്‍ നില്‍ക്കെ പരിശീലനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമാവാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയിലാണ് കേരളത്തിന്റെ മൈക്കല്‍ ഫെല്‍പ്‌സ് എന്നറിയപ്പെടുന്ന സജന്‍.