'ചില്ലറ വില്‍പ്പനയ്ക്ക് നികുതി ഇല്ല'; വിശദീകരണവുമായി ജി.എസ്.ടി വകുപ്പ്

ചില്ലറയായി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഇല്ലെന്ന്  ജിഎസ്ടി വകുപ്പ്. പാക്കറ്റില്‍ വില്‍ക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതി. ജിഎസ്ടി ബാധകമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കൂട്ടിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജിഎസ്ടി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വില്‍പനയ്ക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. തൈരിനും മോരിനും നാളെ മുതല്‍ ജിഎസ്ടി ബാധകമായിരിക്കും.

അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. വ്യാപാരികള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജിഎസ്ടി വകുപ്പ് വ്യക്തത വരുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച മുതല്‍ പാലുല്‍പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി. അരി, ധാന്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. പാല്‍, തൈര്, ലെസ്സി ഉല്‍പന്നങ്ങള്‍ക്ക് 5% വില കൂടും. അര ലിറ്ററിന് 3 രൂപ വച്ചാണ് കൂടുക. കൃത്യമായ വില പ്രസിദ്ധീകരിക്കുമെന്നും മില്‍മ ചെയര്‍മാന്‍ അറിയിച്ചു.