കൊറോണ: നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കി

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ ഒന്നിച്ച് പാസാക്കിയതിനു ശേഷം സഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കാനാണ് തീരുമാനം.

അതേസമയം ഈ തീരുമാനത്തില്‍ പ്രതിപക്ഷം ഔദ്യോഗികമായ വിയോജിപ്പ് രേഖപ്പെടുത്തി. ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ചയോടെ മാത്രമേ പാസാക്കാവൂയെന്ന് പ്രതിപക്ഷം കാര്യോപദേശകസമിതിയില്‍ വ്യക്തമാക്കി. ഏപ്രില്‍ എട്ട് വരെയായിരുന്നു നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്.

അതേസമയം ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്. ഇറ്റലിയില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഫെബ്രുവരി 26-ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് മൂന്നിനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം വന്നതെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്.

ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് പി.ടി. തോമസാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

ഇറ്റലിയില്‍ നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 26-ന് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറുപടി നല്‍കവേ മാര്‍ച്ച് മൂന്നിനാണ് കേന്ദ്രത്തിന്റെ സര്‍ക്കുലര്‍ ലഭിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം പറയുന്നു.