നിപ വൈറസ് ബാധ; കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി; പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഠനം മുടങ്ങാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈനായി ക്രമീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. അംഗണവാടി, മദ്രസ, ട്യൂഷന്‍ സെന്റര്‍, കോച്ചിംഗ് സെന്റര്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

കോഴിക്കോട് ജില്ലാ ഭരണകൂടം നിപ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ സ്ഥിതി കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കയറ്റരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നത്.

നിപ വൈറസ് ബാധയില്‍ പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു. നിപ സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കയച്ച 11 സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിപ പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതോടെ ഹൈറിസ്‌ക് റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 94 പേരുടെ ഫലം നെഗറ്റീവായി.

കഴിഞ്ഞ ദിവസം വരെ ആകെ ആറ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണ ജോര്‍ജ്ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് കുഞ്ഞുങ്ങളടക്കം 21 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ചികിത്സയില്‍ തുടരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.