42 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; പുതിയ പോസിറ്റീവ് കേസുകളില്ല; ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വീണ ജോര്‍ജ്ജ്; നിപയില്‍ ആശങ്ക ഒഴിയുന്നു

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഹൈ റിസ്‌കില്‍ പെട്ട 42 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെടുന്നു.

വെന്റിലേറ്ററില്‍ ചികിത്സയിലുള്ള ഒന്‍പതുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരുടെ പട്ടിക പൊലീസിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കും. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ ബാധിത മേഖലയില്‍ കേന്ദ്ര സംഘങ്ങള്‍ ഇന്നും നിരീക്ഷണം നടത്തുന്നുണ്ട്. 2018ല്‍ നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് സന്ദര്‍ശനം നടത്തി ഇവിടെ പാരിസ്ഥിതികമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഐസിഎംആറിന്റെയും എന്‍ഐവിയുടെയും സംഘങ്ങള്‍ സ്ഥലത്തുണ്ട്.