നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണം കടത്തി; കൈയോടെ പിടികൂടി ഡി.ആര്‍.ഐ

കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കസ്റ്റംസില്‍ ഹവില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായ സുനില്‍ ഫ്രാന്‍സിസാണ് അറസ്റ്റിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡി.ആര്‍.ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ആണ്  പിടികൂടിയത്. ഇയാളെ ഡി.ആര്‍.ഐ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഇന്ന് ഉച്ചയ്ക്ക് 12നാണ് സംഭവം. ദുബായില്‍ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്നാന്‍ എന്നയാളുടെ സ്വര്‍ണം ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിച്ചു. മൂന്ന് കിലോയോളം സ്വര്‍ണം കൈമാറുന്നതിനിടെയാണ് ഡി.ആര്‍.ഐ ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ ഉദ്യോഗസ്ഥന്‍ നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെ നിരവധി തവണ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് ഡിആര്‍ഐ നല്‍കുന്ന വിവരം.