കേരളത്തില്‍ ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവി- വോട്ട് വൈബ് സര്‍വ്വേ; മോശം ഭരണമെന്ന് 52 ശതമാനത്തോളം പേര്‍, മികച്ചതെന്ന് 24 ശതമാനം പേര്‍; രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലം

കേരളത്തില്‍ ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവി ‘വോട്ട്വൈബ്’ സര്‍വേ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എന്‍ഡിടിവി സര്‍വേ പറയുന്നത്. 51.9% പേര്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെതിരെ സര്‍വ്വേയില്‍ വോട്ടു ചെയ്തു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കര്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ പകുതിയിലധികം ജനങ്ങളും അതൃപ്തരാണ്.

31% പേര്‍ വളരെ മോശം ഭരണമാണെന്നും 20.9% പേര്‍ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടുവെന്നാണ് സര്‍വ്വേ ഫലം. 23.8 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചത് എന്ന് രേഖപ്പെടുത്തിയത്. 10.7% പേര്‍ ഭരണം തരക്കേടില്ലെന്നും 11.8% പേര്‍ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8% അഭിപ്രായം രേഖപ്പെടുത്തിയില്ല.

വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 22.4% പേര്‍ അഭിപ്രായപ്പെട്ടു. പിണറായി മുഖ്യമന്ത്രിയാകണമെന്ന് 18% പേരും കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9% പേരും രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകണമെന്ന് 14.7% പേരും ശശി തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് 9.8% പേരും അഭിപ്രായപ്പെട്ടു.

Read more

കേരളത്തിൽ യുഡിഎഫിന് വോട്ടുവിഹിതത്തിലും മുൻതൂക്കമുണ്ടാകുമെന്നും സർവേയിൽ പറയുന്നു. യുഡിഎഫിന് 32.7 ശതമാനവും എൽഡിഎഫിന് 29.3 ശതമാനവും എൻഡിഎയ്ക്ക് 19.8 ശതമാനവും വോട്ടു ലഭിക്കും. എങ്കിലും 42 ശതമാനം വോട്ടർമാരും കോൺഗ്രസിലെ ഗ്രൂപ്പിസത്തെ ഒരു പ്രധാന ആശങ്കയായി കാണുന്നുണ്ടെന്ന് സർവ്വെ പറയുന്നു. ഡേറ്റ അനാലിസസ് സ്ഥാപനമായ വോട്ട്വൈബുമായി ചേര്‍ന്ന് എന്‍ഡിടിവി തിരഞ്ഞെടുപ്പിനു മുന്‍പും പിന്‍പും നടത്തുന്ന സര്‍വേയാണിത്.