മിണ്ടാതിരിയടാ തെണ്ടി.. നിര്‍ത്തെടാ തെണ്ടീ.., എസ്എഫ്ഐ നേതാവിനെ ചാനല്‍ ചര്‍ച്ചയില്‍ അസഭ്യം പറഞ്ഞ് എന്‍സിഇആര്‍ടി സമിതി അധ്യക്ഷന്‍; തടയാതെ സുജയ

റിപ്പോര്‍ട്ടര്‍ ടിവിയുടെ ചാനല്‍ ചര്‍ച്ചക്കിടെ എസ്എഫ്ഐ നേതാവിനെ അസഭ്യം പറഞ്ഞ് എന്‍സിഇആര്‍ടി സാമൂഹിക ശാസ്ത്ര ഉന്നതതല സമിതി അധ്യക്ഷന്‍. ഇന്നലെ രാത്രി നടന്ന ചര്‍ച്ചക്കിടെയാണ് എസ്എഫ്എഐയുടെ കേന്ദ്ര കമ്മിറ്റിയംഗമായ ഇ അഫ്സലിനെ സി ഐ ഐസക്ക് അസഭ്യം പറഞ്ഞത്. ചര്‍ച്ചക്കിടയില്‍ കയറി സംസാരിച്ചതാണ് പ്രകോപന കാരണം. മിണ്ടാതിരിയടാ തെണ്ടി.. നിര്‍ത്തെടാ തെണ്ടീ.. നീയാരാടാ തെണ്ടീ… തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് ഇ അഫ്സലിനെ ഐസക്ക് അധിക്ഷേപിച്ചത്.

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചുള്ള സുജയാ പാര്‍വതി നടത്തിയ ചര്‍ച്ചക്കിടെയാണ് മോശം പരാമര്‍ശങ്ങള്‍ ഉണ്ടായത്. എന്നാല്‍, ഇത് തടയാന്‍ അവര്‍ തയാറായില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഐസക് സംസാരിക്കുന്ന സമയം ‘മോദിയുടെ ഫാസിസ്റ്റ് രാജ്യമല്ല, നിങ്ങള്‍ ചെരിപ്പ് നക്കിക്കോ ആജ്ഞാപിക്കണ്ട’ എന്ന് പറഞ്ഞതാണ് അദേഹത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് മോശം പരാമര്‍ശങ്ങള്‍ അദേഹം പ്രയോഗിച്ചത്. എന്നാല്‍, ഇതു തടയാതെ ചിരിച്ചുകൊണ്ട് ഇരിക്കുക മാത്രമാണ് സുജയ ചെയ്തത്.

അതേസമയം, പരിഷ്‌കാരം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി ഐ ഐസക് പറഞ്ഞു. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങള്‍ പഠിപ്പിക്കുന്നതില്‍ രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളില്‍ ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.

1962ല്‍ കറുകച്ചാലില്‍ ജനിച്ച സി ഐ ഐസക് ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. കോട്ടയം സിഎംഎസ് കോളേജിലെ ചരിത്രാധ്യാപകനായിരുന്നു. 2008ല്‍ അധ്യാപന ജോലിയില്‍ നിന്ന് വിരമിച്ചു. 2015ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍ അംഗമായി. ഈ വര്‍ഷം പത്മ പുരസ്‌കാരവും ലഭിച്ചിരുന്നു.

സംഘ് പരിവാര്‍ സംഘടനകളുമായി നിരവധി ദശകങ്ങളായി അടുത്ത ബന്ധമാണ് ഐസക്കിനുള്ളത്. ഭാരതീയ വിചാര കേന്ദ്രം ഉപാദ്ധ്യക്ഷനായിരുന്നു. പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള പൊതുവിലുള്ള കാഴ്ചപ്പാടുകളെ ഐസക് എക്കാലത്തും ചോദ്യം ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നയിച്ച മലബാര്‍ കലാപത്തെ. ഐസക് ഭാഗമായ ഐസിഎച്ച്ആര്‍ സബ് കമ്മറ്റി 1921 കലാപത്തിലെ 382 മാപ്പിള രക്തസാക്ഷികളെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.