നായനാരുടെ പോലീസിന്റെ തോക്കിനു മുന്നിൽ നെഞ്ചുവിരിച്ചു നിന്നവരാണ് ലീ​ഗ്; പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്ന് കെ.പി.എ മജീദ്

വഖഫ് ബോർഡിലെ പി.എസ്.സി നിയമനത്തിനെതിരായ സമരത്തിൽ നിന്ന് മുസ്ലീം ലീ​ഗിനെ ഭീഷണിപ്പെടുത്തിയും കേസെടുത്തും പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കെ.പി.എ മജീദ് എം.എൽ.എ. ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്. നായനാരുടെ പോലീസിന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. പിണറായിക്ക് മുട്ട് മടക്കേണ്ടി വരും. പിന്തിരിഞ്ഞോടേണ്ടി വരുമെന്നും അദ്ദേഹം കുറിച്ചു. അതേസമയം വഖഫ് സംരക്ഷണറാലിയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരെ പൊലീസ് കേസെടുത്തു. ലീ​ഗ് റാലിയിൽ പങ്കെടുത്തവർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാടിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ്

ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്.
പിന്തിരിഞ്ഞോടിയിട്ടില്ല.
അന്ന് ആറായിരം പേർക്കെതിരെയായിരുന്നു കേസ്.
നായനാരുടെ പോലീസിന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണ്.
മുസ്‌ലിംലീഗ് ഒരു പോർമുഖത്താണ്.
ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട.
വിഷയം മാറ്റേണ്ട.
കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം.
പിണറായിക്ക് മുട്ട് മടക്കേണ്ടി വരും.
പിന്തിരിഞ്ഞോടേണ്ടി വരും.