ഐഎസ്ആർഒ ചാരക്കേസ്; എകെ ആന്റണിക്കും പങ്കുള്ളതായി സംശയമെന്ന് നമ്പി നാരായണൻ

കഴിഞ്ഞ ദിവസം എംഎം ഹസ്സൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പഴയ ചാരക്കേസിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ.

കെ. കരുണാകരനെ താഴെയിറക്കാനുള്ള നീക്കങ്ങൾ എകെ ആന്റണി അറിയാതിരിക്കില്ലെന്നും നമ്പി നാരായണൻ വ്യക്തമാക്കി. ലീഡറോട് മാത്രമല്ല ചാരക്കേസിൽ എല്ലാം നഷ്ടമായ താനുൾപ്പെടെയുള്ള ശാസ്ത്രജ്ഞരോട് എന്ത് കൊണ്ട് ഹസ്സൻ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും നമ്പിനാരായണൻ ചോദിച്ചു.

ഹസ്സൻറെ തുറന്ന് പറച്ചിലിൽ ആശ്വാസമുള്ളതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഹസ്സനെ പോലെ ആന്റണിയെ വെള്ളപൂശാൻ നമ്പി നാരായണൻ ഒരുക്കമല്ല. നടന്നത് വലിയ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് നമ്പിനാരായണന്‍ ആരോപിക്കുന്നു. ഹസ്സൻ അതിന്റെ ആദ്യ കണ്ണിയാണ്. കേസ് ചമച്ചവരിൽ പലരും ഇനിയും ഖേദം പ്രകടിപ്പിക്കാനുണ്ടെന്ന് നമ്പിനാരായണൻ വിശദമാക്കുന്നു.