'രത്നേഷ് ദേഹത്ത് പെട്രോള്‍ ഒഴിച്ചതിനൊപ്പം കുടിക്കുകയും ചെയ്തു; സ്വയം തീ കൊളുത്തിയത് യുവതിയെ കൊല്ലാൻ ഉറച്ചുതന്നെ

 

നാദാപുരത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കൂടി കൊലപ്പെടുത്തണം എന്ന തീരുമാനത്തോടെയാണ് രത്നേഷ് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

യുവതി പതിവായി കിടക്കാറുള്ള കിടപ്പുമുറിയിലെത്തി പെട്രോള്‍ ഒഴിച്ചു തീയിട്ടത് ഈ ഒരു ലക്ഷ്യത്തോടെ ആയിരിക്കണമെന്നാണ് പൊലീസും നാട്ടുകാരും കരുതുന്നത്. മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില വീടിന്റെ മുകള്‍ നിലയില്‍ കയറിയതിന് പിന്നാലെ വാതില്‍ തകര്‍ത്ത് കിടപ്പുമുറിയില്‍ തീവച്ചു. എന്നാല്‍ രത്നേഷ് കരുതിയിരുന്നതു പോലെ യുവതി ഈ മുറിയിലുണ്ടായിരുന്നില്ല.

ശബ്ദം കേട്ട് യുവതിയും വീട്ടുകാരും ഉറക്കമുണര്‍ന്നെങ്കിലും അവര്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ രത്നേഷ് സ്വയം തീ കൊളുത്തിയിരുന്നു. ദേഹത്താകെ പെട്രോള്‍ ഒഴിക്കുകയും കുടിക്കുകയും ചെയ്ത ശേഷമാണ് തീ കൊളുത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. ശരീരമാകെ തീ ആളിപ്പടര്‍ന്ന രത്നേഷ് ഗെയ്റ്റിനു സമീപം വീണു.

ഇതിനിടെ യുവതിക്കും സഹോദരനും സഹോദരഭാര്യയ്ക്കും പൊള്ളലേറ്റു. രത്നേഷ് മുന്‍പ് യുവതിയെ ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചു. യുവതിയുടെ കിടപ്പു മുറി കത്തിച്ചാമ്പലായ നിലയിലാണ്.