'റോബിൻ' ബസിനെ വിടാതെ എംവിഡി, ഇന്ന് തടഞ്ഞത് നാല് തവണ; വഴിനീളെ സ്വീകരണമൊരുക്കി നാട്ടുകാർ

സംസ്ഥാന മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ഇന്ന് പുലർച്ചെ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച ‘റോബിൻ’ ബസിനെ നാലാമതും തടഞ്ഞ് ഉദ്യോഗസ്ഥർ. സർവീസ് ആരംഭിച്ച് 200 മീറ്റർ പിന്നിട്ടപ്പോഴാണ് ആദ്യം എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴയീടാക്കിയത്.

അരമണിക്കൂറിന് ശേഷം സർവീസ് ആരംഭിച്ച ബസിനെ പാലാ ഇടപ്പാടിയിൽ തടഞ്ഞു. ഗതാഗത കുരുക്കിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചതോടെ ബസ് വിട്ടയച്ചു. പിന്നീട് അങ്കമാലിയിലും കൊടകരയിലും പുതുക്കാടുമാണ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥരെ കൂകി വിളിച്ചാണ് നാട്ടുകാർ പ്രതിഷേധം അറിയിച്ചത്. ബസ് ഉദ്യോഗസ്ഥർ വിട്ടയച്ചു.

ബസുടമ ഗിരീഷും കോയമ്പത്തൂർ വരെ യാത്ര ചെയ്യുന്നുണ്ട്. യാത്ര തടസപ്പെടുത്തുന്നത് മനപൂർവമാണെന്നും തനിക്ക് അനുകൂലമായി കോടതി ഉത്തരവിട്ടതിൽ ഉദ്യോഗസ്ഥർക്കുള്ള നാണക്കേടാണ് ഇതിന് പിന്നിലെന്നും ഗിരീഷ് ആരോപിച്ചു. ഇതിനിടെ ബസ് പുറപ്പെട്ടത് മുതൽ വഴിനീളെ നാട്ടുകാർ സ്വീകരണവും നൽകുന്നുണ്ട്. ഇടക്കിടെയുള്ള മോട്ടർ വാഹനവകുപ്പിൻറെ പരിശോധനയും സ്വീകരണവും മൂലം 12 മണിക്ക് കോയമ്പത്തൂർ എത്തേണ്ട ബസ് വൈകാനാണ് സാധ്യത.

നിയമ ലംഘനം ചൂണ്ടിക്കാട്ടി മുൻപു രണ്ടുതവണ റോബിൻ ബസ് എംവിഡി പിടികൂടിയിരുന്നു. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.