മന്ത്രിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ഇടിയേറ്റു, കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് എം വി ജയരാജന്‍; 'കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തം'

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് നേരേ നടന്ന അതിക്രമത്തെ കൊലപാതക ശ്രമമെന്ന് വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി. ജയരാജന്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ എംവി ജയരാജന്‍ സന്ദര്‍ശിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവിലാണ് മന്ത്രി ചികിത്സയില്‍ കഴിയുന്നത്. മന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ജയരാജന്‍ മന്ത്രിയെ വധിക്കാനാണ് ശ്രമം നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കളടക്കം ഗൂഡാലോചന നടത്തിയാണ് ആക്രമണം നടത്തിയതെന്നും ആരോപിച്ചു.

മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന്റെ വലതുഭാഗത്താണ് പരിക്കുള്ളത്. കഴുത്ത് അനക്കാന്‍ ആകുന്നില്ല. മന്ത്രി നിന്നിരുന്നതിന്റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. കഴിഞ്ഞദിവസം വീണാ ജോര്‍ജിന്റെ വീട്ടില്‍ റീത്ത് വെച്ചത് മരിച്ചെന്ന പ്രതീതിയുണ്ടാക്കാനാണെന്നും എം.വി. ജയരാജന്‍ ആരോപിച്ചു.

വീണ ജോര്‍ജിന്റെ അടുത്ത് ഒരാള്‍ എത്തിയതിന്റെ ദൃശ്യം എം.വി ജയരാജന്‍ തന്റെ ഫോണില്‍ മാധ്യമങ്ങളെ കാണിച്ചു. അതേസമയം, കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളിലും അദ്ദേഹം പ്രതികരിച്ചു. പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. എം വി ജയരാജന്‍ പുറത്തുവിട്ട വീഡിയോയില്‍ മന്ത്രിയുടെ അടുത്തുള്ള ആള്‍ ഗണ്‍മാനാണെന്നാണ് സൂചന. മന്ത്രിയെ ഗണ്‍മാന്‍ സംരക്ഷിക്കുകയായിരുന്നുവെന്നുമാണ് മറ്റു ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

Read more

അതേസമയം, സംഭവത്തില്‍ അറസ്റ്റുചെയ്ത അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. വധശ്രമത്തിനാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. കഴുത്തിന് ശക്തമായ വേദന ഉണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിശദീകരിക്കുന്നത്.