കേരളത്തിൽ വീരപ്പന്മാരുടെ ഭരണം; വനംകൊള്ള സർക്കാർ അറിഞ്ഞു കൊണ്ടെന്ന് കെ. സുരേന്ദ്രൻ

മുട്ടില്‍ മരംകൊള്ള നടത്തിയത് സർക്കാറിന്റെ അറിവോട് കൂടിയെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

മൊബൈല്‍ഫോണ്‍ കൊടുത്തു രണ്ട് ലക്ഷം വാങ്ങി എന്ന പേരില്‍ കള്ളക്കേസ് നടത്തുന്നവര്‍ കാല്‍കോടി കൈക്കൂലി കൊടുത്താണ് മരം കടത്തിയതെന്ന് പറഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും അന്വേഷിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനവ്യാപകമായി നടന്ന വനംകൊള്ളയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കാത്തത് എന്തുകൊണ്ടെന്നും സുരേന്ദ്രൻ ചോദിച്ചു. മന്ത്രിസഭ അറിഞ്ഞാണോ ഉത്തരവെന്ന് മുഖ്യമന്ത്രി പറയണെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു

സിപിഐയ്ക്കും സിപിഎമ്മിനും കൊള്ളയില്‍ പങ്കുണ്ട്. വിഷയത്തില്‍ സി.പി.ഐ നേതൃത്വത്തിന്റെ മൗനം ദുരൂഹമാണ്. വനംവകുപ്പ് ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കിയത് വിവാദം മുന്നില്‍ക്കണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സിപിഐ നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നതെന്നും സിപിഐയുടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കളെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വീരപ്പന്മാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും കര്‍ണാടകയിലെ വീരപ്പന്റെ പത്ത് ഇരട്ടി വിരപ്പന്മാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.