ഷാന്‍ വധക്കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ആകെ അറസ്റ്റിലായത് 13 പേര്‍

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചു പേരുള്‍പ്പടെ ഉള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവര്‍ പിടിയിലായത്. ഇവരെ ഒളിവില്‍ താമസിപ്പിച്ച ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ് എന്നിവരെയും ഗൂഢാലോചനയില്‍ പങ്കെടുത്ത ധനേഷിനെയും പൊലീസ് പിടികൂടി. എല്ലാവരും ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണ്.

കേസില്‍ ഇതുവരെ 13 പേരാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പിടിയിലായത്. അതേ സമയം ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസിലെ പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികളെകുറിച്ച് നിര്‍ണായകമായ സൂചന ലഭിച്ചിട്ടുണ്ട് എന്നും എഡിജിപി പറഞ്ഞു. ഇവര്‍ക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം പുരോഗമിക്കുകയാണ്.