മുല്ലപ്പെരിയാര്‍: പുതിയ സുരക്ഷാപരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍. പരിശോധന നടത്താനുള്ള സമയമായെന്ന് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മേല്‍നോട്ട സമിതി അണക്കെട്ട് സന്ദര്‍ശിച്ച് നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എങ്കിലും പുതിയ പരിശോധന നടത്തണമെന്ന് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേന്ദ്രജല കമ്മീഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ രാകേഷ് കുമാര്‍ ഗൗതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതിയില്‍ അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷന്‍ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. 2010-2012 കാലയളവിലാണ് ഇതിന് മുമ്പ് മുല്ലപ്പെരിയാറിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി നടത്തിയത്. ജലകമ്മീഷനും, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും, വിദഗ്ദ്ധരും കൂടിയാണ് പരിശോധന നടത്തിയത്. അണക്കെട്ട് സുരക്ഷിതമാണെന്നാണ് അന്ന് പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിന് ശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകള്‍ മുല്ലപ്പെരിയാറില്‍ നടത്തിയിട്ടില്ല.

സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് നടത്തിയ പരിശോധനകളാണ് ഇതിന് ശേഷം നടന്നിട്ടുള്ളത്. ഈ പരിശോധനകളിലും സുരക്ഷ തൃപ്തികരമാണെന്ന് തന്നെയാണ് വിലയിരുത്തല്‍ എന്ന് കമ്മീഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാനുള്ള അനുമതി കേരളം നല്‍കുന്നില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.