ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തി മുകേഷ് അംബാനി; ദേവസ്വം മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്കായി 15 കോടിയുടെ ചെക്ക് ദേവസ്വത്തിനു കൈമാറി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തി കാണിക്കയര്‍പ്പിച്ച് മുകേഷ് അംബാനി ദേവസ്വം മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്കായി 15 കോടിരൂപയുടെ ചെക്കും ദേവസ്വം അധികാരികള്‍ക്ക് കൈമാറി. ദേവസ്വം മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായാണ് പതിനഞ്ച് കോടി രൂപയുടെ ചെക്കും കൈമാറിയത്.

ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ മുകേഷ് അംബാനി റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലെത്തുകയായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ അംബാനിയെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. തുടര്‍ന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി.

പൊതു അവധി ദിനത്തില്‍ സ്‌പെഷല്‍ ദര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ 25 പേര്‍ക്കായി ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഗുരുവായൂരപ്പന് മുന്നില്‍ പ്രാര്‍ഥിച്ചു സോപാനപടിയില്‍ കാണിക്കയുമര്‍പ്പിച്ചാണ് അംബാനി മടങ്ങിയത്. മേല്‍ശാന്തി പ്രസാദവും നല്‍കി. കൊടിമര ചുവട്ടിലെത്തിയ അംബാനിക്ക് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയനാണ് എത്തിച്ചു നല്‍കിയത്. ദേവസ്വം മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്കായി 15 കോടിരൂപയുടെ ചെക്ക് നല്‍കിയ അംബാനിക്ക് ദേവസ്വത്തിന്റെ ഉപഹാരമായി ചുവര്‍ചിത്രവും ദേവ്‌സ്വത്തിന്റെ ഡയറിയും സമ്മാനിച്ചു.

Read more