മലപ്പുറത്തെ താനൂര്‍, വള്ളിക്കുന്ന്, സീറ്റുകളിലും കാസര്‍കോടും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. മലപ്പുറത്തെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നാഷണല്‍ ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ. സിപി മുസ്തഫയും താനൂരില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീറും മത്സരിക്കും. കാസര്‍കോട് ഐഎന്‍എല്‍ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കും. മൂന്നുപേരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് വാര്‍ത്താക്കുറിപ്പിറക്കി.
മൂന്നിടത്തും സ്വതന്ത്രരാണ് മത്സരിക്കുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പട്ടിക പൂര്‍ത്തിയായി. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായ താനൂരില്‍ നേരത്തെ നിശ്ചയിച്ച മന്ത്രി വി.അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറിയതോടെ അനിശ്ചിതത്വം നിലനിന്നിരുന്നു. യുഡിഎഫ് പാളയത്തില്‍നിന്ന് ഒരാളെ എത്തിക്കാനും സിപിഎം ശ്രമം നടത്തിയിരുന്നു. ഇത് വിജയിക്കാതെ ആയതോടെയാണ് നേരത്തെ ലിസ്റ്റില്‍ ഉണ്ടായിരുന്ന സമീറിന് നറുക്ക് വീണത്. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് താനൂരിലെ സ്ഥാനാര്‍ത്ഥിയായ പി മുഹമ്മദ് സമീര്‍. പ്രവാസി വ്യവസായിയായ സമീര്‍ ഒഴൂര്‍ പഞ്ചായത്തിലെ പുല്‍പറമ്പ് സ്വദേശിയാണ്.
കഴിഞ്ഞ രണ്ട് തവണയായി മന്ത്രി വി.അബ്ദുറഹിമാന്‍ വിജയിച്ച മണ്ഡലമാണ് താനൂര്‍. മുസ്ലിംലീഗില്‍നിന്നാണ് അബ്ദുറഹിമാന്‍ സീറ്റ് പിടിച്ചെടുത്തത്. ഇത്തവണ അബ്ദുറഹിമാന്‍ താനൂരില്‍ മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പകരം തിരൂരില്‍ മത്സരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സിപിഎമ്മിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ അബ്ദറഹിമാന്റെ പേര് താനൂരില്‍ വന്നിരുന്നെങ്കില്‍ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ തിരൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
Read more
വള്ളിക്കുന്നിലെ സ്ഥാനാര്‍ഥിയായ സിപി മുസ്തഫ അഭിഭാഷകനും മൂന്നിയൂര്‍ സ്വദേശിയുമാണ്. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഷാനവാസ് പാദൂര്‍ മുന്‍ കോണ്‍ഗ്രസ് നേതാവാണ്. എംഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസാണ് താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. വള്ളിക്കുന്നില്‍ ടി.വി.ഇബ്രാഹിമും കാസര്‍കോട് കല്ലട്ര മായിന്‍ ഹാജിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍.







