ജപ്തി ഭീഷണി; ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും മൃതദേഹം ഇന്നു സംസ്‌കരിക്കും; ബാങ്കിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 10 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കും. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് എത്തിക്കും. സംഭവത്തില്‍ മാരായിമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് മാനേജര്‍ നിരന്തരമായി ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതടക്കമുള്ള നടപടികളിലേക്കും പൊലീസ് നീങ്ങിയേക്കും. മാനേജര്‍ അടക്കമുള്ള ബാങ്ക് അധികൃതരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന.

ഇന്നലെയായിരുന്നു നെയ്യാറ്റികര മാരായിമുട്ടം മലയില്‍ക്കട സ്വദേശിനി ലേഖ, മകള്‍ വൈഷ്ണവി എന്നിവര്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി സംഭവസ്ഥലത്ത് വെച്ചും അമ്മ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.