'മർദ്ദനം കൊല്ലണമെന്ന ബോധപൂർവമായ ഉദ്ദേശത്തോടെ, രാം നാരായണന്റെ ശരീരത്തിൽ തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ'; വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിലെ റിമാൻഡ് റിപ്പോർട്ട്

വാളയാർ അട്ടപ്പള്ളത്ത് അതിഥിതൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം മർദിച്ച് കൊന്ന കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊല്ലണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ രാം നാരായണനെ മർദ്ദിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മണിക്കൂറുകളോളം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. രാംനാരായൺ ഭാഗേലിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണിന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ രാം നാരായണന്റെ ശരീരത്തിൽ തല മുതൽ കാൽ വരെ 40-ലധികം മുറിവുകളാണ് കണ്ടെത്തിയത്. തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകളുമാണ് മരണത്തിന് കാരണമായത്. കനത്ത വടികൾ ഉപയോഗിച്ച് പുറംഭാഗം അടിച്ചൊടിച്ചു. നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തതിന്റെ അടയാളങ്ങൾ ശരീരത്തിലുടനീളമുണ്ട്. മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടിയതായും എക്സ്റേ ഫലങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല. അടിയന്തര നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. റവന്യൂമന്ത്രി കെ രാജനുമായി ഇന്ന് ചർച്ച നടത്തും. മന്ത്രി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഇന്നലെ മോർച്ചറിക്ക് മുന്നിൽ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.

Read more