മാസപ്പടി വിവാദം; മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് അയക്കുന്നത് കേസില്‍ വഴിത്തിരിവ്; കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് മാത്യു കുഴല്‍നാടന്‍

മാസപ്പടി വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ് അയക്കാനുള്ള നടപടി വഴിത്തിരിവാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയ പിവി മുഖ്യമന്ത്രിയാണെന്ന് കോടതിയ്ക്ക് ബോധ്യമായെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കോടതി നോട്ടീസ് അയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. ആരോപണം മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചത്.

വരുമ ദിവസങ്ങളില്‍ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കുഴല്‍നാടന്‍ അറിയിച്ചു. പിവി താനല്ല എന്ന മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് പിണറായി വിജയന്‍ പറയണം. ഉറച്ചുനില്‍ക്കുന്നില്ലെങ്കില്‍ പിണറായി വിജയന്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം. യുഡിഎഫ് നേതാക്കള്‍ ഒളിച്ചോടില്ലെന്നും കോടതി മുറിയില്‍ മറുപടി പറയുമെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു.