മോണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ല; നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താല്‍; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

കുംഭമേള വൈറല്‍ ഗേള്‍ എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരവും നടിയുമായ മോണാലിസക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തല്‍. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് (NCST) കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്റ്റേഷനില്‍ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം (POCSO) ഫര്‍മാന്‍ ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

മോണലിസയുടെ ഗോത്ര പശ്ചാത്തലമടക്കം കണക്കിലെടുത്ത് POCSO നിയമം, ഭാരതീയ ന്യായ സംഹിത (BNS), പട്ടികജാതി/പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ പൊലീസ് ഫര്‍മാന്‍ ഖാനെതിരെ ചുമത്തിയിട്ടുണ്ട്. ചില സംഘടനകളുടെയും വ്യക്തികളുടെയും പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങളോടെ ഈ കേസ് രാഷ്ട്രീയ ശ്രദ്ധയും നേടുന്നുണ്ട്. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് കേരളത്തിന്റെയും മധ്യപ്രദേശിന്റെയും പൊലീസ് മേധാവിമാര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. ഏപ്രില്‍ 22-ന് ഡല്‍ഹിയില്‍ കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് അവരോട് നിര്‍ദേശിച്ചിട്ടുള്ളത്. ഓരോ മൂന്നു ദിവസത്തിലും വിശദമായ പുരോഗതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കേസില്‍ കര്‍ശന നിരീക്ഷണം ഉറപ്പാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍വെച്ചാണ് മോണലിസ ഫര്‍മാന്‍ ഖാനെ വിവാഹം കഴിച്ചത്. മന്ത്രി വി. ശിവന്‍കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമടക്കമുള്ളവരുന്നടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പ്രായം സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സംഭവത്തില്‍ സിപിഎം അടക്കം വെട്ടിലായി. മോണാലിസയുടെ പ്രായം സംബന്ധിച്ച് വിവാദം ഉയര്‍ന്നതടക്കം പരാതിയെത്തുടര്‍ന്ന് എന്‍സിഎസ്ടി കേരളത്തിലും മധ്യപ്രദേശിലും വിശദമായ അന്വേഷണം നടത്തിയിരുന്നു. കമ്മിഷന്‍ ചെയര്‍മാന്‍ അന്തര്‍ സിങ് ആര്യയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ മോണലിസ പാര്‍ദി ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും അവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കണ്ടെത്തി.

ഔദ്യോഗിക ആശുപത്രി രേഖകള്‍ പ്രകാരം, 2009 ഡിസംബര്‍ 30നാണ് മോണാലിസ ജനിച്ചത്. അതായത് 2026 മാര്‍ച്ച് 11-ന് വിവാഹിതയാകുമ്പോള്‍ 17 വയസ്സില്‍ താഴെയായിരുന്നു പ്രായം. വിവാഹം നടത്തിയത് കേരളത്തില്‍ വെച്ചാണെന്നും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രായപൂര്‍ത്തിയായതായി കാണിക്കുകയായിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജമായി നിര്‍മ്മിച്ച രേഖകള്‍ റദ്ദാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രായം തെറ്റായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. വിവാഹം നടന്ന ക്ഷേത്ര അധികൃതര്‍ ദമ്പതികള്‍ നല്‍കിയ ആധാര്‍ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.