മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ റിലീസ് പരസ്യം മാതൃഭൂമിയില്‍ കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടായ സന്തോഷം; എന്റെ സീനുകള്‍ വരുമ്പോള്‍ 'അയ്യോ കാലന്‍ വരുന്നു'ണ്ടെന്ന് സ്ത്രീകള്‍ പറയുന്നത് കേട്ട് അമ്മയുടെ ഉള്ള് പിടഞ്ഞിരിക്കും

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു താമസം. സംസ്‌കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണു മറ്റൊരു മകന്‍.

ശാന്തകുമാരിയുടെ 89ാം പിറന്നാള്‍ ദിവസം എളമക്കരയിലെ വീട്ടില്‍ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്ക്കൊപ്പം പുരസ്‌ക്കാരം പങ്കുവയ്ക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത്. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന് പണ്ടൊരു മാതൃദിനത്തില്‍ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു.

വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹന്‍ലാലിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് പേര് നല്‍കിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേര്‍ത്താണ്. അമ്മ ശാന്തകുമാരിയെ കുറിച്ച് പണ്ട് മാതൃഭൂമിയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ഓര്‍മ്മിക്കപ്പെടുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ റിലീസ് പരസ്യം മാതൃഭൂമി പത്രത്തില്‍ കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും ആദ്യ ദിവസം തന്നെ അവര്‍ സിനിമ കാണാന്‍ പോയെന്നും മോഹന്‍ലാന്‍ പറഞ്ഞിരുന്നു. തന്റെ സീനുകള്‍ വരുമ്പോഴേക്കും അടുത്തിരിക്കുന്ന സ്ത്രീകള്‍ പറയും: ”അയ്യോ കാലന്‍ വരുന്നുണ്ട്.” എന്ന്, അതുകേട്ടപ്പോള്‍ അമ്മയുടെ ഉള്ള് ശരിക്കും പിടഞ്ഞിരിക്കുമെന്നും അഭിമുഖത്തില്‍ മോഹന്‍ലാല്‍ കുറിച്ചിരുന്നു.

തന്റെ അച്ഛനും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെന്ന കഥാപാത്രത്തെ കുറിച്ച് തന്റെ സീനുകള്‍ കണ്ടു ആ സ്ത്രീകള്‍ പറഞ്ഞ വാക്കുകളില്‍ നല്ല വിഷമമുണ്ടായിരുന്നുവെന്ന് അമ്മ പിന്നീട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നരേന്ദ്രന്‍ എന്നെ കൊണ്ടുപോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്കറിയില്ല. നാല്‍പ്പത് വര്‍ഷം കടന്നുപോയിട്ടും നരേന്ദ്രനോട് എനിയ്ക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകള്‍ക്കു താഴെ ക്ഷമാപൂര്‍വ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചുകയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി ഇന്നും നരേന്ദ്രന്‍ എന്റെ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്‍ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.

Read more

അതിനുശേഷം, എത്ര ശ്രമിച്ചിട്ടും പഴയ ലാലുവായി തനിയ്ക്ക് തന്റെ വീട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിട്ടില്ലെന്നും മോഹന്‍ലാല്‍ മാതൃഭൂമിയ്ക്ക് നല്‍കിയ പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.