എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എം.എം മണി

ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് സി.പി.എം നേതാവ് എം.എം മണി. കോൺഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘർഷമുണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം.എം മണി പറഞ്ഞു.

അതേസമയം ധീരജിനെ കുത്തിക്കൊന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ആണെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പരിക്കേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിച്ച പഞ്ചായത്ത് അംഗം സത്യന്‍ എന്ന ആളാണ് യൂത്ത് കോണ്‍ഗ്രസ് നേതാവാണ് കുത്തിയത് എന്ന് പറഞ്ഞിരിക്കുന്നത്. ആക്രമണത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് ഓടി പോകുന്നത് കണ്ടു എന്നും സത്യന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു. കൊലപാതകം നടത്തിയത് കോളേജിന് പുറത്തുനിന്നെത്തിയവരാണെന്നും ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് സിപിഐഎം നേതാക്കളും വ്യക്തമാക്കി.

കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് ധീരജിനും മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനും കുത്തേറ്റത്. ധീരജിനെ കുത്തിയശേഷം പ്രതികള്‍ ഓടിക്കളയുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ധീരജ് മരിച്ചിരുന്നു. ധീരജിനൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ ഷോള്‍ഡറിന് സാരമായ പരിക്കേറ്റതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

നേരത്തെ കോളേജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം ഉണ്ടായിരുന്നെങ്കിലും ഇത്തരം സംഭവം ഇതാദ്യമാണ്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവം നടന്നത് കോളജ് ഗേറ്റിന് പുറത്താണ് എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്.