മാധ്യമത്തിന് എതിരെ കെ.ടി ജലീല്‍ കോണ്‍സുലേറ്റിന് കത്തെഴുതിയെങ്കില്‍ അത് ശരിയല്ല: എം.എം മണി

മാധ്യമം ദിനപത്രത്തെ നിരോധിക്കാന്‍ കെ ടി ജലീല്‍ കോണ്‍സുലേറ്റിന് കത്തെഴുതിയെങ്കില്‍ അത് ശരിയല്ലെന്ന് എം എം മണി. കഴിഞ്ഞ മന്ത്രിസഭയോ പാര്‍ട്ടിയോ ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യത്യസ്ത ആശയങ്ങളുണ്ടെങ്കിലും പത്രമാധ്യമങ്ങള്‍ നിരോധിക്കുന്നതിനോടോ നടപടിയെടുക്കുന്നതിനോടോ യോജിപ്പില്ലെന്നും എം എം മണി പ്രതികരിച്ചു.

മാധ്യമം ദിനപത്രം ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെ ടി ജലീല്‍ മാധ്യമം ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണമുള്ളത്. എന്നാല്‍ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ താന്‍ കോണ്‍സുല്‍ ജനറലിന്റെ പിഎയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നുവെന്നാണ് ഇതില്‍ ജലീലിന്റെ മറുപടി.

അതല്ലാതെ യുഎഇ ഭരണാധികാരിക്ക് ഒരു കാലത്തും ഒരു കാര്യത്തിനും കത്തോ മെയിലോ അയച്ചിട്ടില്ലെന്നും ഇതിനായി തന്റെ അക്കൗണ്ട് പരിശോധിക്കാമെന്നും ജലീല്‍ പറഞ്ഞിരുന്നു.