'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുത്'; ഹൈക്കോടതിയെ സമീപിച്ച് മകൾ ആശ ലോറൻസ്

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ. ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നും കാണിച്ച് ആശ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

ലോറൻസിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലു മണിയോടെ കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറുമെന്നുമായിരുന്നു സിപിഎം അറിയിപ്പ്. എന്നാൽ മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെയാണ് മകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുന്നതിനെതിരെ ആശ നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റ് പറഞ്ഞിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്ന് ലോറൻസ് എവിടേയും പറഞ്ഞിട്ടില്ല. ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകർമങ്ങൾ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറൻസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്റിൽ എത്തിക്കും. വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ എംഎം ലോറൻസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൊച്ചിയിലെത്തി.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ലോറൻസ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായി പൊലീസ് മർദനമേറ്റു. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം.

1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ എംഎം ലോറന്‍സിന്‍റേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എംഎം ലോറന്‍സ്. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read more