സഭാനടപടികളില്‍ ശ്രദ്ധിക്കുന്നില്ല, രാഷ്ട്രീയ വിവാദമുള്ള വിഷയങ്ങളില്‍ മാത്രമാണ് എം.എല്‍.എമാര്‍ക്ക് താത്പര്യം; വിമര്‍ശനവുമായി സ്പീക്കര്‍

നിയമസഭ സമ്മേളനത്തിനിടെ എംഎല്‍എമാര്‍ക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ എം ബി രാജേഷ്. സഭാ നടപടികളില്‍ എംഎല്‍എമാര്‍ വേണ്ട ശ്രദ്ധ നല്‍കുന്നില്ല. അംഗങ്ങള്‍ സഭയില്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് പതിവായിരിക്കുകയാണ്. രാഷ്ട്രീയ വിവാദമുള്ള വിഷയങ്ങളില്‍ മാത്രമാണ് എംഎല്‍എമാര്‍ക്ക് താത്പര്യം. സഭ നടക്കുന്നതിനിടെ അംഗങ്ങള്‍ ചെയറിന് പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവെച്ച് രണ്ട് മണിക്കൂര്‍ നേരമാണ് വിഷയം ചര്‍ച്ച ചെയ്യുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച.

എകെജി സെന്റര്‍ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബോംബേറ് രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്ത കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Read more

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലെ രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്തിരുന്നു.