വിഡി സതീശന്‍ വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ആളായി; പ്രതിപക്ഷ നേതാവെന്ന പദവിക്ക് ഒരു വിലയും നല്‍കുന്നില്ലെന്ന് മന്ത്രി ശിവന്‍ കുട്ടി

പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് വിലകൊടുക്കാതെ വായില്‍തോന്നുന്നതെന്തും വിളിച്ചുപറയുന്നയാളായി വി ഡി സതീശന്‍ മാറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്തിനെയും ഏതിനേയും കണ്ണടച്ച് എതിര്‍ക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവിന്റേത്.

കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായവും കെപിസിസിയുടെ അഭിപ്രായവും പറയുന്നത് വി ഡി സതീശനാണ്. നവകേരള സദസ്സില്‍ സ്വീകരിക്കപ്പെടുന്ന പരാതികള്‍ വെറുതെ വാങ്ങിവയ്ക്കുകയല്ല. 45 ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുക്കും. പരാതികള്‍ ചവറ്റ്കുട്ടയിലിട്ടത് ഉമ്മന്‍ചാണ്ടിയുടെ കാലത്താകുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ട് കേരളത്തിനു കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് ഇവിടത്തെ പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിന് വേണ്ടി വിപുമായ ഭേദഗതികളോടെ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. സംസ്ഥാനത്തിന് കേന്ദ്ര ധന കാര്യ കമ്മീഷന്‍ ഗ്രാന്റ് ശുപാര്‍ശ ചെയ്തതു തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് യോജിക്കുന്നതും കേരളത്തിന്റെ സാഹചര്യത്തില്‍ അനുയോജ്യവുമല്ലാത്ത പല നിബന്ധനകളും ഉള്‍പ്പെടുത്തിയാണ് ഗ്രാന്റ് അനുവദിക്കുന്നത്. അതിലും പ്രതിപക്ഷത്തിന് അഭിപ്രായമില്ലേയെന്ന് അദേഹം ചോദിച്ചു.