മറിയക്കുട്ടി എന്തിനാ ഇത്ര തുള്ളുന്നത്; അവരെ വേറെയൊന്നും പറയുന്നില്ല; പെന്‍ഷന്‍ വര്‍ധിപ്പിച്ചത് പിണറായി; ഓര്‍മകള്‍ ഉണ്ടായിരിക്കണം; താക്കീതുമായി മന്ത്രി

ക്ഷേമപെന്‍ഷന്‍ നല്‍കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍. പെന്‍ഷന്‍ വിഷയത്തില്‍ മറിയക്കുട്ടി ഇപ്പോള്‍ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായം അവര്‍ക്കുണ്ട്. ഞാന്‍ അവരെ വേറെയൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തിനാ ഇത്ര തുള്ളുന്നതെന്ന് സജി ചെറിയാന്‍ ചോദിച്ചു.

മറിയക്കുട്ടിയാണ് ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ച. അവര്‍ക്ക് സര്‍ക്കാര്‍ എതിരല്ല, പക്ഷേ, കാര്യങ്ങള്‍ എല്ലാവരും മനസിലാക്കണം. നവകേരള സദസ്സില്‍ രാഷ്ട്രീയം പറയേണ്ട എന്നു വിചാരിച്ചാണ് തുടങ്ങിയത്. പ്രതിപക്ഷ നിലപാടുകൊണ്ട് രാഷ്ട്രീയം പറഞ്ഞുപോകുന്നതാണ്. കേരളത്തില്‍ വി.എസ്. അച്യുതാനന്ദന്റെ കാലത്തു കൊടുത്തിരുന്ന 500 രൂപ പെന്‍ഷനില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 100 രൂപയേ വര്‍ധിപ്പിച്ചുള്ളൂ. യുഡിഎഫ് സര്‍ക്കരിന്റെ അവസാന കാലത്ത് വരെ 600 രൂപയാണ് നല്‍കിയിരുന്നത്. പിന്നീട് വന്ന പിണറായി വിജയന്‍ സര്‍ക്കാരാണ് അത് 1600 രൂപയാക്കി വര്‍ധിപ്പിച്ചത്. ഇക്കാര്യം ഓര്‍മയുണ്ടാകണം.

നിങ്ങളെ തുള്ളിക്കുന്ന, നിങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരോട് ചോദിക്കണം, 100 രൂപയല്ലേ അവരുടെ കാലത്ത് കൂട്ടിത്തന്നുള്ളൂവെന്ന്. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട 60,000 കോടി രൂപ ഇവിടെ തരേണ്ടത് തരാതെ വന്നപ്പോഴാണ് കുടിശിക വന്നിരിക്കുന്നത്. ഈ ബാധ്യത, പെന്‍ഷനെ ബാധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും. സര്‍ക്കാര്‍ ജീവനക്കാരായി പെന്‍ഷന്‍ പറ്റിയവരെ ബാധിക്കും. ജനപ്രതിനിധികളുടെ അലവന്‍സിനെ വരെ ബാധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.