ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോ?; സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ആവശ്യം.

കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.

അതിനിടെ, സ്‌കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചു. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.