നികുതി വരുമാനം വെട്ടിക്കുറച്ചു, അര്‍ഹമായ വായ്പ നിഷേധിച്ചു. കേരളത്തെ വീണ്ടും ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വേണ്ടത്ര കിട്ടുന്നില്ലെന്നതാണ് കേന്ദ്ര സര്‍ക്കാരുമായുള്ള യഥാര്‍ഥ പ്രശ്നമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. . കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളില്‍നിന്ന് സമാഹരിക്കുന്ന നികുതിയുടെ ഒരു ഭാഗമാണ് നികുതി വിഹിതമായി താഴേയ്ക്ക് തരുന്നത്. കേരളത്തിനാകട്ടെ, പത്താം ധന കമീഷന്റെ കാലത്ത് കിട്ടിയിരുന്ന 3.8 ശതമാനം നികുതി വിഹിതം നിലവിലെ പതിനഞ്ചാം ധന കമീഷന്റെ കാലത്ത് 1.9 ശതമാനത്തിലേക്ക് താഴ്ത്തിയതിലൂടെ വലിയതോതില്‍ വരുമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ജിഎസ്ടിയും കൂടി നടപ്പായ സാഹചര്യത്തില്‍ നികുതി ശേഖരിക്കുന്നതിനുള്ള അവകാശങ്ങളുടെയും അധികാരങ്ങളുടെയും ഏറ്റവും വലിയ പങ്ക് കേന്ദ്ര സര്‍ക്കാരിന്റെ കൈകളിലായി. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വളരെ ചുരുങ്ങി. സര്‍ക്കാര്‍ വകുപ്പുകളുടെ നിലവാരത്തിലേക്ക് അവ താഴ്ത്തപ്പെടുകയും ചെയ്യുന്നു. ഇതാണ് കേരളം ചോദ്യം ചെയ്യുന്ന പ്രധാന വിഷയം. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതയുള്ള അവകാശം കിട്ടണമെന്ന പ്രശ്നമാണ് കേരളം ഉന്നയിക്കുന്നത്.

ഇവ കേരളത്തിന്റെമാത്രം വിഷയങ്ങള്‍ അല്ല. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്നങ്ങളാണ്. എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കും ഇത്തരം കടുത്ത വിവേചനമാണ് അനുഭവിക്കേണ്ടിവരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ അനുവദിക്കുന്നതില്‍ ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ക്കല്ല, സംസ്ഥാനങ്ങളുടെ ഭരണനേതൃത്വത്തില്‍ ആര് എന്നതിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇതേ അവസ്ഥതന്നെയാണ് വായ്പ എടുക്കുന്ന കാര്യത്തിലും പ്രതിപക്ഷ സംസ്ഥാനങ്ങള്‍ നേരിടേണ്ടിവരുന്നത്. ഇല്ലാത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നു, അതിന് മുന്‍കാല പ്രാബല്യം നല്‍കി നടപ്പുസാമ്പത്തിക വര്‍ഷത്തിലെ വായ്പാനുമതിയില്‍ വെട്ടിക്കുറവ് വരുത്തുന്നെന്ന അതീവ ഗുരുതരമായ പ്രശ്നമാണ് ഇപ്പോള്‍ കേരളം നേരിടുന്നത്. സംസ്ഥാന ബജറ്റിനെ തകിടം മറിക്കുന്നതാണ് ഇത്തരം നിലപാടുകള്‍. വായ്പ അടക്കമുള്ള വരുമാന സ്രോതസ്സുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റില്‍ സംസ്ഥാനത്തിന്റെ പദ്ധതി, പദ്ധതിയേതര പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനയും വിഹിതവും നിശ്ചയിക്കുന്നത്. സംസ്ഥാന ബജറ്റിനെപ്പോലും തകിടം മറിക്കുന്ന രീതിയിലാണ് പിന്നീട് വായ്പാനുമതിയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടല്‍. ഭരണഘടനാപരമായും നിയമവിധേയമായും സംസ്ഥാനങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്ന വായ്പയ്ക്ക് പരിധിയുണ്ട്. 2003ലെ ധന ഉത്തരവാദിത്വ നിയമത്തില്‍ 2018ല്‍ പാര്‍ലമെന്റ് വരുത്തിയ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളുടെ വായ്പാപരിധി നിശ്ചയിക്കാനും വായ്പയ്ക്ക് അനുമതി നല്‍കുന്നതിനുമുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കല്‍ സാധ്യമാകൂ.

കേന്ദ്രം സമ്മതം അറിയിക്കുന്ന ഘട്ടത്തില്‍മാത്രമാണ് ധന വിപണിയില്‍ സംസ്ഥാനങ്ങളുടെ കടപത്രം റിസര്‍വ് ബാങ്ക് ലേലത്തിന് വയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതിയില്ലാതെ ഒരു രൂപപോലും കടമെടുക്കാന്‍ സംസ്ഥാനത്തിനാകില്ല. വസ്തുത ഇതായിരിക്കെയാണ് കേരളം നിയന്ത്രണമില്ലാതെ വായ്പ എടുക്കുന്നതായി പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന് തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള വായ്പാ പരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതുതന്നെ എടുക്കാന്‍ അനുവദിക്കില്ല എന്നനിലയില്‍, വിവേചന സ്വഭാവത്തോടെ കേരളത്തെ വൈര്യനിര്യാതന ബുദ്ധിയോടെ കാണുന്നുവെന്നതാണ് ഈ കേസിന്റെ ഭാഗമായി ഉന്നയിച്ചിട്ടുള്ള മറ്റൊരു പ്രശ്നം.
നേരത്തേ സൂചിപ്പിച്ചതുപോലെ സംസ്ഥാനത്തിന് അര്‍ഹതയുള്ള കേന്ദ്ര നികുതി വിഹിതം കൃത്യമായി ലഭിക്കുകയാണെങ്കില്‍ വലിയതോതില്‍ കടമെടുക്കാതെതന്നെ സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോകാനാകുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വരുമാനം വലിയതോതില്‍ വര്‍ധിപ്പിക്കാനും സാമ്പത്തിക പ്രക്രിയ ഊര്‍ജിതമാക്കാനും കഴിഞ്ഞതുകൊണ്ടുമാത്രമാണ് കേരളത്തിന് ഇപ്പോള്‍ തകര്‍ച്ചയില്‍ എത്താതെ പിടിച്ചുനില്‍ക്കാനാകുന്നത് എന്നതാണ് വസ്തുത. 2020 21ല്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. 202324ല്‍ ഇത് 77,000 കോടിയായി ഉയര്‍ത്താനായി. വെറും മൂന്നുവര്‍ഷത്തിനുള്ളിലാണ് അറുപത് ശതമാനത്തോളം വര്‍ധന സാധ്യമാക്കിയത്. ഈ വര്‍ധനകൂടി വന്നില്ലായിരുന്നെങ്കില്‍, കേന്ദ്ര സര്‍ക്കാരിന്റെ നിലവിലെ സംസ്ഥാനവിരുദ്ധ നിലപാടുകാരണം കേരളത്തിന്റെ എല്ലാ സാമ്പത്തിക കാര്യങ്ങളും തകര്‍ച്ചയിലേക്ക് എത്തുമായിരുന്നു.
നികുതി വരുമാനം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം അര്‍ഹമായ വായ്പപോലും നിഷേധിച്ച് ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ നിലപാടിനെതിരെ യോജിച്ച പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ഉയര്‍ന്നുവരേണ്ട ഘട്ടമാണിത്. കൂടുതല്‍ കരുത്താര്‍ജിച്ച് , സംസ്ഥാനങ്ങളാകെ ഒരുമിച്ച് സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനായി മുന്നോട്ടുവരേണ്ട അവസരമാണിതെന്നും അദേഹം പറഞ്ഞു.