കേരളം കേന്ദ്രത്തിന്റെ അടിമയല്ല; മുരളീധരന് രാഷ്ട്രീയ അസ്വസ്ഥത; സാമ്പത്തികപ്രശ്നം നിയമപരമായും രാഷ്ട്രീയപരമായും ഭരണപരമായും നേരിടുമെന്ന് ധനമന്ത്രി

സംസ്ഥാനത്തിന് അര്‍ഹമായ തുക കേന്ദ്രം നല്‍കണമെന്നും കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നു വ്യക്തമാക്കിയ മന്ത്രി സാമ്പത്തികപ്രശ്നം നിയമപരമായും രാഷ്ട്രീയപരമായും ഭരണപരമായും നേരിടുമെന്നും അദേഹം പറഞ്ഞു.

മുരളീധരന്‍ കാടടച്ച് വെടിവയ്ക്കരുത്. മുരളീധരന് രാഷ്ട്രീയ അസ്വസ്ഥതയാണ്. കേന്ദ്രം
സംസ്ഥാനത്തിന് പലയിനങ്ങളിലും തുക കിട്ടാനുണ്ട്. തുച്ഛമായ തുക തരുന്നിടത്തുപോലും അതുപയോഗിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്ന അവസ്ഥയാണ്. യുജിസി ശമ്പളപരിഷ്‌കരണ കുടിശ്ശിക വിഷയത്തില്‍ കേന്ദ്രം പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിച്ച് രേഖകള്‍ നല്‍കി. 2022 മാര്‍ച്ച് നാലിന് കത്ത് നല്‍കിയതില്‍ ചിലത് പോരെന്ന് കേന്ദ്രം പറഞ്ഞു. മാര്‍ച്ച് 22ന് വീണ്ടും മെയില്‍ ചെയ്തു. കൊളീജിയറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ നേരിട്ട് കത്ത് നല്‍കി. ധനസെക്രട്ടറി നേരിട്ട് വിഷയം കേന്ദ്രവുമായി സംസാരിച്ചു.

ധന കമീഷന്‍ നികുതിവിഹിതമായി തന്നിരുന്നത് 3.9 ശതമാനമാണ്. ഇത് വെട്ടിക്കുറച്ചു. കഴിഞ്ഞ കമീഷന്‍ രണ്ടരയും നിലവിലെ കമീഷന്‍ 1.9 ശതമാനവുമാക്കി. ഉത്തര്‍പ്രദേശിന് 18 ശതമാനം നല്‍കി. ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജും കൊടുക്കുന്നു.

അത് ചോദിക്കുമ്പോള്‍ മുരളീധരന്‍ ക്ഷുഭിതനായിട്ട് കാര്യമില്ല. കേന്ദ്രം പിരിക്കുന്ന പണത്തില്‍ 64 ശതമാനവും സംസ്ഥാനങ്ങളില്‍നിന്നാണ്. ജിഎസ്ടി തുകയുടെ പകുതിയും കേന്ദ്രത്തിനാണ് ലഭിക്കുന്നതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.