തൃശൂരിലെത്തുന്ന മോദിക്കായി മിനി പൂരം; 15 ആനകളെ അണിനിരത്തുമെന്ന് പാറമേക്കാവ് ദേവസ്വം

ജനുവരി 3 ന് തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ മിനി പൂരം ഒരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്ത് പൂരമൊരുക്കാൻ സുരക്ഷാ അനുമതി തേടി. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. 15 ആനകളെ അണിനിരത്തി മിനി പൂരം നടത്താനാണ് ആലോചന.

ജനുവരി മൂന്നിന് തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ നഗരത്തിലുണ്ട്. ഈ സമയത്ത് മിനി പൂരമൊരുക്കാനാണ് അനുമതി തേടിയത്. തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി തര്‍ക്കം നിലനില്‍ക്കുകയാണ്.

തൃശൂരില്‍ എത്തുന്ന മോദി തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തിലും പങ്കെടുക്കും. അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗത്തിലുള്ള രണ്ട് ലക്ഷത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക.