ഭര്‍തൃമാതാവിന്റെ മാനസിക പീഡനം; തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4ന് ആയിരുന്നു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഷഹന സ്വന്തം വീട്ടിലായിരുന്നു താമസിച്ച് വന്നിരുന്നത്.

കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഷഹനയുടെ ഭര്‍ത്താവ് നൗഫല്‍ അറിയിച്ചിരുന്നു. ഷഹന ഭര്‍തൃവീട്ടിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് നൗഫല്‍ ഷഹനയുടെ വീട്ടിലെത്തി ഒന്നരമാസം പ്രായമുള്ള കുട്ടിയെ ബലമായി ഷഹനയില്‍ നിന്ന് കൈക്കലാക്കി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.

തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച ഷഹനയെ പിന്നീട് ബന്ധുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍തൃമാതാവിന്റെ മാനസിക പീഡനങ്ങളാണ് ഷഹന ജീവനൊടുക്കിയതിന് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഷഹനയുടെ ബന്ധുക്കളുടെ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷം നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യും. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.